വാഷിംഗ്ടൺ ഡിസി: ആണവ വിഷയത്തിൽ സ്വിസ് നഗരമായ ജനീവയിൽ അമേരിക്ക-ഇറാൻ മൂന്നാം റൗണ്ട് ചർച്ച നടന്നതിനു പിന്നാലെ പുറത്തുവന്ന അന്താരാഷ്ട്ര ആണവോർജ ഏജൻസി (ഐഎഇഎ) റിപ്പോർട്ടാണ് കടുത്ത നടപടിക്ക് അമേരിക്കയെയും ഇസ്രയേലിനെയും പ്രേരിപ്പിച്ചത്.
തങ്ങളുടെ ആണവപദ്ധതി തികച്ചും ഊർജം തുടങ്ങി ജനനന്മ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ചർച്ചയിൽ ഇറാൻ ആവർത്തിച്ചതെങ്കിലും ആയുധ നിർമാണത്തിനു വേണ്ടിയാണ് ആ രാജ്യത്തിന്റെ ആണവ സന്പുഷ്ടീകരണമെന്നു വ്യക്തമാക്കുന്നതായിരുന്നു റിപ്പോർട്ട്.
അടുത്തയാഴ്ച നടക്കുന്ന ത്രൈമാസ യോഗത്തിനു മുന്നോടിയായി ഐഎഇഎ ബോർഡിലെ എല്ലാ അംഗങ്ങൾക്കും വേണ്ടി അയച്ച രഹസ്യ റിപ്പോർട്ടിലാണ് ഐഎഇഎ ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാനിലെ എല്ലാ ആണവകേന്ദ്രങ്ങളിലും പരിശോധന വേണമെന്നും പുതിയ യൂറേനിയം സമ്പുഷ്ടീകരണ പ്ലാന്റും ബോംബ് ഗ്രേഡ് യൂറേനിയവും സൂക്ഷിച്ചിരിക്കുന്നതിനാൽ ഇസ്ഫഹാനിൽ പ്രത്യേക പരിശോധന വേണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
ഇറാൻ പുതിയൊരു സമ്പുഷ്ടീകരണ കേന്ദ്രം സ്ഥാപിച്ചതായും ഇസ്ഫഹാൻ ന്യൂക്ലിയർ ടെക്നോളജി റിസർച്ച് സെന്ററിനു കീഴിലുള്ള ഭൂഗർഭ തുരങ്കങ്ങളിൽ വൻതോതിൽ സമ്പുഷ്ടീകരിച്ച യൂറേനിയം ഉത്പാദിപ്പിച്ചു സംഭരിച്ചതായും ഐഎഇഎ റിപ്പോർട്ടിലുണ്ട്. തങ്ങളുടെ നാലാമത്തെ പ്രഖ്യാപിത സമ്പുഷ്ടീകരണ കേന്ദ്രത്തിലേക്ക് ഇറാൻ ഒരിക്കലും പരിശോധന നടത്താൻ അനുമതി നൽകിയിട്ടില്ലെന്നും ഐഎഇഎ റിപ്പോർട്ടിലുണ്ട്.
ഇറാൻ രഹസ്യമായി ആണവായുധം വികസിപ്പിക്കാൻ ശ്രമിക്കുന്നതായി പതിറ്റാണ്ടുകളായി യുഎസും ഇസ്രയേലും ആരോപിച്ചുവരുന്ന താണ്. എന്നാൽ, ഈ ആരോപണം ഇറാൻ ആവർത്തിച്ചു നിഷേധിക്കുകയും തങ്ങളുടെ ആണവപദ്ധതി തികച്ചും സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രമാണെന്ന് ന്യായീകരിക്കു കയും ചെയ്തു. ഈ അവകാശവാദത്തിനിടയിലും ഇറാൻ ആണവായുധങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോയി. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുമെന്ന് കഴിഞ്ഞവർഷം അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതിനിടെ, അമേരിക്കയിലെ ലക്ഷ്യങ്ങളിൽ വരെ ആക്രമണം നടത്താനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് ഇറേനിയൻ നേതൃത്വം പലകുറി മുന്നറിയിപ്പു നൽകി.
വ്യക്തമായ തെളിവുകൾ മുന്നിൽ നിൽക്കെ ഇനിയും ചർച്ചയുമായി മുന്നോട്ടു പോയിട്ടു കാര്യമില്ലെന്നും ഇറാനെ വെറുതെ വിട്ടാൽ അതു തങ്ങൾക്കു ഭീഷണിയാണെന്നുമുള്ള തിരിച്ചറിവിലാണ് അറ്റകൈ പ്രയോഗം തന്നെ നടത്താൻ അമേരിക്കയും ഇസ്രയേലും തീരുമാനിച്ചത്.